ഡല്‍ഹി: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇസ്രായേൽ അധികൃതർ മൃതദേഹം ഇന്ത്യൻ എംബസിയ്ക്ക് വിട്ടുകൊടുത്തത്.ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ മൃതദേഹം ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികള്‍ തുടങ്ങും.ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ സൗമ്യയുടെ മൃതദേഹം ടെല്‍ അവിവിലെ ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിരിക്കുകയാണ്.സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ അറിയിച്ചിരുന്നു. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോര്‍ക്ക ബന്ധപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ അകാലവിയോഗത്തില്‍ കുടുംബത്തിന് സഹായകരമാകുന്ന വിധമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി . പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദ്ദേശം നൽകുന്നു.അടിയന്തിരഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മലയാളം അടക്കം നാലുഭാഷകളിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുളളത്. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. നമ്പർ: +972549444120.
ഇസ്രായേല്‍ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായി ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് മരിച്ചത്. ഇസ്രായേലില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുകയാണ് സൗമ്യ. സൗമ്യ ജോലി ചെയ്യുന്ന വീട് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആ സമയത്ത് സൗമ്യ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. സ്‌ഫോടനം നടന്ന സമയത്ത് സൗമ്യക്ക് പെട്ടെന്ന് സുരക്ഷാമുറിയിലേക്ക് മാറാന്‍ കഴിഞ്ഞില്ല. ഇസ്രായേലിന്റെ ആക്രമണത്തിനു പ്രതികരണമെന്ന നിലയിലാണ് ഹമാസ് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണമഴിച്ചുവിട്ടത്. റോക്കറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.