ടോക്കിയോ:ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ.ഭാരോദ്വഹനത്തിൽ മീരാഭായി ചാനു വെള്ളി മെഡൽ നേടി. 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡൽ നേട്ടം. ചൈനയുടെ ഹോ ഷിഹൂയിയ്‌ക്കാണ് സ്വർണ്ണം. 202 കിലോ ഉയര്‍ത്തിയാണ് ചാനു ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. 2000 സിഡ്നി ഒളിംപിക്സിൽ കർണ്ണം മല്ലേശ്വരിയാണ് ഇതിന് മുൻപ് മെഡൽ നേട്ടം സ്വന്തമാക്കിയത്. മല്ലേശ്വരി വെങ്കലമെഡലായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടി നേടിയത്.2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യൻഷിപ്പില്‍ വെങ്കലവും സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കായികമന്ത്രി അനുരാഗ് താക്കൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അടക്കമുള്ളവർ ചാനുവിന് അഭിനന്ദനമറിയിച്ചുകൊണ്ട് രംഗത്തെത്തി. ഇന്ത്യയുടേത് സന്തോഷകരമായ തുടക്കമാണെന്നും മീരാഭായി ചാനുവിന്റെ നേട്ടം രാജ്യത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.