ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ പിന്‍തള്ളി.രാജ്യത്ത് രോഗികളുടെ എണ്ണം 6.97 ലക്ഷം കടന്നു.ഇതോടെ ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതായി. ഇന്ത്യയ്ക്ക് തൊട്ടുമുന്നില്‍ ഇനി അമേരിക്കയും ബ്രസീലുമാണ് ഉള്ളത്.ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുപ്രകാരം 6.9 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 29 ലക്ഷവും, ബ്രസീലില്‍ 15 ലക്ഷവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകള്‍. എന്നാല്‍ മരണസംഖ്യയില്‍ ഇന്ത്യ പിറകിലാണ്. അമേരിക്കയില്‍ 132, 382പേരും, ബ്രസീലില്‍ 64,365പേരും രോഗം ബാധിച്ച് മരിച്ചപ്പോള്‍ ഇന്ത്യയില്‍ 19,692 പേരാണ് മരിച്ചത്.അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കാല്‍ ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,95,396 ആയി. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 7074 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.