വിശാഖപട്ടണം ∙ വീണ്ടും ഫോമിലെത്തിയ രവിചന്ദ്ര അശ്വിൻ നടത്തിയ അഞ്ചു വിക്കറ്റ് വേട്ടയുടെയും ആദ്യ ഇന്നിങ്സിലെ അതേ ഫോം തുടർന്ന് അർധ സെഞ്ചുറിയുമായി അപരാജിതനായി നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും മികവിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യമുറപ്പിച്ചു. അശ്വിൻ 67 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തപ്പോൾ ഇംഗ്ലണ്ട്, ഇന്ത്യയെക്കാൾ 200 റൺസ് പിന്നിലായി 255 റൺസിനു പുറത്തായി. ഫോളോ ഓണിനു നിർബന്ധിക്കാതെ ബാറ്റു ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റിന് 98 റൺസെടുത്തിട്ടുണ്ട്. മൊത്തം 298 റൺസ് ലീഡ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കോഹ്‌ലി 70 പന്തുകളിൽ 56 റൺസുമായും അജിങ്ക്യ രഹാനെ 22 റൺസെടുത്തും ക്രീസിലുണ്ട്.
രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഏറെ നിർണായകമാണ് ഇന്ത്യ സ്വന്തമാക്കിയ ലീഡ്. പിച്ച് പൂർണമായി ബോളർമാരുടെ പക്ഷത്തേക്കു ചാഞ്ഞിട്ടില്ലെങ്കിലും നാലും അഞ്ചും ദിവസങ്ങളിൽ ബാറ്റിങ് എളുപ്പമാകില്ല. ഇംഗ്ലണ്ടിന് അപ്രാപ്യമായ സ്കോർ കണ്ടെത്താനുള്ള ഉത്തരവാദിത്തം കൂടി ഇന്നു കോഹ്‌ലിക്കുണ്ട്. രണ്ടാം ഇന്നിങ്സിൽ മുരളി വിജയ് (മൂന്ന്), കെ.എൽ. രാഹുൽ(10), ചേതേശ്വർ പൂജാര(ഒന്ന്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്.
ഇന്നലെ ആദ്യ സെഷനിൽ നേട്ടമുണ്ടാക്കാൻ ഇന്ത്യ ബുദ്ധിമുട്ടി. എന്നാൽ രണ്ടാം സെഷനിൽ കളിയുടെ ഗതി തിരിഞ്ഞു. ടെസ്റ്റിൽ 22–ാം തവണയാണ് അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടത്തിനുടമയാകുന്നത്. അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്സും(70) ജോണി ബെയർസ്റ്റോയും(53) ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചതാണ് ഇന്ത്യൻ മുന്നേറ്റം വൈകിച്ചത്. എന്നാൽ രണ്ടാം സെഷനിൽ പിച്ചിൽ നിന്നു മികച്ച പിന്തുണ കൂടി കണ്ടെത്തിയ അശ്വിൻ 7.5 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഇതോടെ എല്ലാ ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ന്യൂസീലൻഡിനെതിരെ ആറു തവണ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരെ നാലു തവണ വീതം, ശ്രീലങ്കയ്ക്കെതിരെ രണ്ടു തവണ, ബംഗ്ലദേശിനും ഇംഗ്ലണ്ടിനുമെതിരെ ഓരോ തവണ എന്നിങ്ങനെയാണ് അശ്വിന്റെ അഞ്ചുവിക്കറ്റ് നേട്ടങ്ങൾ.