ലഡാക്ക്:ഇന്ത്യ– ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു.തിങ്കളാഴ്ച രാത്രിയാണ് കിഴക്കൻ ലഡാക്കിൽ സൈനികർ തമ്മിൽ സംഘർഷമുണ്ടായത്.കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് സൈന്യം വ്യക്തമാക്കിയത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ഇന്നലെ ഉച്ചയോടെയാണ് കിഴക്കൻ ലഡാക്കിൽ ഒരു കേണൽ ഉൾപ്പടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നത്. തുടർന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.രാത്രിയോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സമാധാന ചർച്ചയിലൂടെ വിഷയം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യ സ്വന്തം അതിർത്തിക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അത് പോലെ ചൈനയും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.