Kerala, News

അനിശ്ചിതകാല പണിമുടക്ക്;കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താനൊരുങ്ങി ഗതാഗതമന്ത്രി

keralanews indefinite strike transport minister to hold talks with ksrtc trade unions

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നു. ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും. ഈ സാഹചര്യത്തിലാണ് ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്.കഴിഞ്ഞ മൂന്ന് മാസമായി കെഎസ്‌ആര്‍ടിസിയില്‍ രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സമരം തുടങ്ങിയത്.എഐടിയുസിയുടെ യൂണിയനും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്.സത്യഗ്രഹ സമരത്തെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നാരോപിച്ചാണ് ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിനു തയ്യാറെടുക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിനി‍റെ അധിക സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.ശമ്പളത്തെ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗതമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല.

Previous ArticleNext Article