കാസർകോഡ്: ഒരു നൂറ്റാണ്ടായി നാടിൻറെ തുടിപ്പായിരുന്ന ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്താനുള്ള തീരുമാനത്തിനെതിരെ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുന്നു. എച്.ആർ.പി.എം മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയും മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായാണ് സത്യാഗ്രഹം നടത്തുക. 2019 ജനുവരി രണ്ടാം തീയതി മുതൽ ഉപ്പള ബസ്സ്റ്റാൻഡിന് എതിർവശം ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം വൈകുന്നേരം നാലുമണിക്ക് കാസറഗോഡ് എം എൽ എ എൻ.എ നെല്ലിക്കുന്ന് എംഎൽഎ ഉൽഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,സന്നദ്ധ സംഘടനകൾ,ക്ലബ് പ്രതിനിധികൾ,വിദ്യാർഥികൾ, പൊതുജനങ്ങൾ, യാത്രക്കാർ,വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. റിലേ സത്യാഗ്രഹത്തിന് മുന്നോടിയായി ജനുവരി ഒന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ഉപ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് സായാഹ്‌ന ധർണ നടത്തും. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ ജനറൽ സെക്രെട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ധർണ ഉൽഘാടനം ചെയ്യും.
ദിവസേന വിവിധ തീവണ്ടികളിലായി വിദ്യാർത്ഥികളും പൊതു ജനങ്ങളും ചേർന്ന് ആയിരത്തോളം പേർ യാത്രക്കായി എത്തുന്ന റെയിൽവേ സ്റ്റേഷന്റെ ഇന്നത്തെ സ്ഥിതി തികച്ചും പരിതാപകരമാണ്. സ്റ്റേഷൻ സ്ഥാപിച്ച് ഒരുനൂറ്റാണ്ട് പിന്നിടുമ്പോൾ പുരോഗമനവുമില്ലാത്ത റെയിൽവേ ഫ്ലാറ്റ്‌ഫോമുകളും കാടുപിടിച്ച ഇരിപ്പിടങ്ങളും പൊട്ടിപ്പൊളിഞ്ഞ തറയും ഉപയോഗശൂന്യമായ ശൗചാലയവും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. രണ്ടു ലക്ഷത്തിലേറെ ജനസംഘ്യയുള്ള പ്രദേശത്തെ ഏക റെയിൽവേ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ആയിരക്കണക്കിന് യാത്രക്കാർ തങ്ങളുടെ ശ്വാസവായു പോലെ കൊണ്ടു നടന്നിരുന്ന റെയിൽവേ സ്റ്റേഷനാണ് ഇപ്പോൾ അധികൃതർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് താഴിട്ട് പൂട്ടാനൊരുങ്ങുന്നത്.
ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള ഉപ്പള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്കിൽ എഴുപതോളം സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളുമടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മംഗൽപാടി,മീഞ്ച,പൈവളിഗ പഞ്ചായത്തുകളിലെ നിരവധി സാധാരണക്കാരായ യാത്രക്കാരാണ് ഈ റെയിൽവേ സ്റ്റേഷനെ നിത്യേന ആശ്രയിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങൾ ഫലം കനത്ത സാഹചര്യത്തിലാണ് നിരവധി ആവശ്യങ്ങൾ മുൻനിർത്തി അനിശ്ചിതകാല സമരത്തിന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നിർബന്ധിതമായത്. നേത്രാവതി,എഗ്മോർ ട്രെയിനുകൾക്ക് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുക, റെയിൽവേ മേൽപ്പാലം അനുവദിക്കുക,റിസർവഷൻ കൗണ്ടർ സ്ഥാപിക്കുക,മതിയായ ജീവനക്കാരെ നിയമിക്കുക,നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
കേരളത്തിന്റെ വടക്കെ അറ്റത്തെ താലൂക്കായ മഞ്ചേശ്വരത്തിലെ റവന്യൂ , വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ഫയർ സർവ്വീസ് , ലീഗൽ മെട്രൊളജി, ചരക്ക് സേവന നികുതി ചെക്ക് പോസ്റ്റ് തുടങ്ങി നിരവധി ഓഫീസുകളിലേക്ക് പോകേണ്ട സാധാരണക്കാരും ഉദ്യോഗസ്ഥരും ഏറെ പ്രതീക്ഷയോടെയാണ് ഈ സമരത്തെ കാണുന്നത്. റെയിൽവെ അധികൃതർ ഇത്തവണ തങ്ങളുടെ ന്യായമായ ആവശ്യങ്ങളുടെ മുന്നിൽ കണ്ണു തുറക്കും എന്ന് തന്നെയാണ് വ്യാപാരി സമൂഹവും പൊതുജനങ്ങളും പറയുന്നത്.