തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം.ചാർജ് വർധനവ് ആവശ്യപ്പെട്ട് പല തവണ നിവേദനങ്ങൾ നൽകിയിട്ടും പരിഗണിക്കപ്പെടാത്തതിനെ തുടർന്നാണ് സമരം. ചാർജ് വർധിപ്പിച്ചില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് അഞ്ച് മാസം മുമ്പ് തന്നെ ബസുടമകൾ മന്ത്രിയെ അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതോടെ ഉടമകൾ താൽകാലികമായി സമരം മാറ്റിവച്ചു. ഇതിനിടയിൽ പലതവണ മന്ത്രിയെ കണ്ട് ചർച്ച നടത്തിയെങ്കിലും ചാർജ് വർധനവ് പ്രാബല്യത്തിൽ വന്നില്ല. ബജറ്റിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് ബസ്സുടമകൾ പറഞ്ഞു.മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ മിനിമം 6 രൂപയാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യം. ഒപ്പം അടച്ചുപൂട്ടൽ സമയത്തെ നികുതികൾ ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.അതേസമയം സമരം നടത്തി സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്നും അതിലൂടെ വർധനവ് നേടാമെന്നും കരുതേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസി പല റൂട്ടുകളും വെട്ടിക്കുറച്ചിരിക്കുന്നതിനാൽ സമരം ആരംഭിക്കുന്നതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവർ പ്രതിസന്ധിയിലാകാനാണ് സാധ്യത.