തിരുവനന്തപുരം:മിൽമ പാലിന് വർദ്ധിപ്പിച്ച വില ഈമാസം പത്തൊൻപതാം തീയതി മുതൽ നിലവിൽ വരും.ലിറ്ററിന് 4 രൂപയാണ് വർദ്ധിക്കുന്നത്. വർദ്ധിപ്പിച്ച തുകയിൽ 84 ശതമാനവും ക്ഷീര കർഷകർക്ക് നൽകുമെന്ന് മിൽമ അറിയിച്ചു.കാലിതീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടെയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വിലയും വർദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് മിൽമയുടെ വിശദീകരണം. ലിറ്ററിന് 40 രൂപയുണ്ടായിരുന്ന പാലിന് 4 രൂപ വർദ്ധിപ്പിച്ച് 44 രൂപയാക്കി. മഞ്ഞ കളർ പാക്കറ്റ് പാലിന് ലിറ്ററിന് 5 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. മിൽമ ഭരണ സമിതി യോഗം ചേർന്നാണ് വില വർദ്ധന ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വർദ്ധിപ്പിച്ച 4 രൂപയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് നൽകും. 16 പൈസ ക്ഷീര സംഘങ്ങൾക്കും 32 പൈസ വിൽപ്പന നടത്തുന്ന ഏജൻറുമാർക്കും ലഭിക്കും. പുതുക്കിയ വിൽപ്പന വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതു വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളിൽ തന്നെ പാൽ വിതരണം ചെയ്യേണ്ടിവരുമെന്നും മിൽമ അറിയിച്ചു.