ന്യൂഡൽഹി:പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് കേന്ദ്രം.കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ 87ശതമാനം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആറു സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോക്കല്‍ ട്രെയിനുകള്‍ ഓടിതുടങ്ങിയതും പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിലെ പോരായ്മകളുമാണ് മഹാരാഷ്ട്രയില്‍ രോഗം വര്‍ധിക്കാന്‍ കാരണമായതെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.പഞ്ചാബാണ് കോവിഡ് കേസുകള്‍ ഉയരുന്ന മറ്റൊരു സംസ്ഥാനം. മഹാരാഷ്ട്രയിലേത് പോലെ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ പഞ്ചാബിലും വര്‍ധിക്കുന്നുണ്ട്. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് രാജ്യത്തെ 75.87 ശതമാനം കൊവിഡ് രോഗികളും. 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്‌തില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. തെലങ്കാന, ഹരിയാന, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്,ത്രിപുര,ആസാം,മണിപ്പൂര്‍,മേഘാലയ, ലഡാക്ക്, ജമ്മു കാശ്‌മീര്‍, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു, ചണ്ഡീഗഡ് എന്നിവിടങ്ങളാണിവ.