പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ ഇന്നലെ പിടിച്ചെടുത്തിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്.വിദേശത്ത് നിന്ന് വന്ന ഫണ്ട് ബിലീവേഴ്‌സ് ചര്‍ച്ച് അധികൃതര്‍ വ്യാപകമായി വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നത്. സഭയുടെ ഉടമസ്ഥതയിലുളള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവിധ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പരിശോധന നടക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിശോധനക്ക് കൊച്ചിയിലെ മേഖല ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.ബിഷപ്പ് കെ. പി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൌണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരും .ഇന്നലെ തിരുവല്ലയില്‍ നിന്നടക്കം റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ നിന്നും നിര്‍ണായക വിവിരങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഐ ടി ഉദ്യോഗസ്ഥര്‍. കൂടാതെ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട രേഖകളും ഇലകട്രോണിക്സ് ഡാറ്റാകളും പ്രത്യേകം പരിശോധിക്കാനും ഐ ടി തയ്യാറെടുക്കുന്നുണ്ട്. വടക്ക് – കിഴക്ക് സംസ്ഥാനങ്ങളിലും വിദേശത്തും വേരുകളുള്ള ബിലിവേഴ്സ് സ്ഥാപനങ്ങളിലെ പരിശോധന കേന്ദ്രതലത്തിലെ ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്.