ഹൈദരാബാദ്:തെലങ്കാനയില്‍ ഒൻപത് അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മുഖ്യപ്രതിയെ തെലങ്കാന പൊലിസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശി സജ്ഞയ് കുമാറാണ് അറസ്റ്റിലായത്. ശീതള പാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊന്ന ശേഷം മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളിയതാണെന്നാണ് പൊലിസ് പറയുന്നത്.കൊല്ലപ്പെട്ട മക്‌സൂദ് ആലമിന്റെ മകളുമായി സജ്ഞയ് കുമാറിന് ബന്ധമുണ്ടായിരുന്നതായും ബന്ധം പിരിഞ്ഞതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലിസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.പരിക്കുകളൊന്നും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരില്‍ ആറുപേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. മറ്റു മൂന്ന് പേര്‍ ഇവര്‍ക്ക് സമീപം താമസിക്കുന്നവരുമാണ്.വ്യാഴാഴ്ച്ചയാണ് ബംഗാള്‍ സ്വദേശികളായ മഖ്‌സൂദ് ആലം (55), ഭാര്യ നിഷ (48), മക്കളായ ഷഹബാസ് (20), സൊഹൈല്‍(18), ബുഷ്‌റ(22), ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍, മഖ്സൂദിന്റെ ബന്ധു മുഹമ്മദ് ഷക്കീല്‍(40) ബിഹാര്‍, ത്രിപുര സ്വദേശികളായ തൊഴിലാളികളായ ശ്രീറാം കുമാര്‍ ഷാ(26), ശ്യാം കുമാര്‍ ഷാ(21), എന്നിവരുടെ മൃതദേഹം ഖൊറേകുണ്ഡ ഗ്രാമത്തിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ഇവരില്‍ മഖ്സൂദിന്റേതടക്കം നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച്ചയും ബാക്കി അഞ്ചു പേരുടേത് വെള്ളിയാഴ്ച്ച രാവിലെയുമാണ് പുറത്തെടുത്തത്.
ഇരുപത് വര്‍ഷം മുൻപാണ് മഖ്സൂദും കുടുംബവും വാറങ്കലില്‍ എത്തിയത്.സ്ഥലത്തെ ചണമില്‍ ഫാക്ടറിയിലാണ് മഖ്സൂദ് ജോലി ചെയ്തിരുന്നത്.അറസ്റ്റിലായ സഞ്ജയ് കുമാറും ഇതേ ഫാക്ടറിയിലെ ജീവനക്കാരനാണ്.മരിച്ച ഇതര സംസ്ഥാന തൊഴിലാളികളും ഇതേ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:സഞ്ജയ് കുമാറും മഖ്സൂദിന്റെ മകള്‍ ബുഷ്റയും തമ്മില്‍ അടുപ്പത്തിലായിരുന്നു.ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമാണ് ബുഷ്റ കഴിഞ്ഞിരുന്നത്. ഇരുവരുടേയും ബന്ധം അറിഞ്ഞതോടെ മഖ്സൂദ് ഇടപെട്ട് ബന്ധം അവസാനിപ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ സഞ്ജയ് പദ്ധതി തയ്യാറാക്കുകയായിരുന്നു.അറസ്റ്റിലായവരില്‍ ഒരാള്‍ വാറങ്കല്‍ സ്വദേശി തന്നെയാണ്.ഇയാള്‍ക്കും മഖ്സൂദിന‍്റെ കുടുംബത്തിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.മകന്റെ പിറന്നാള്‍ ദിവസം മഖ്സൂദ് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഫാക്ടറിയിലെ തൊഴിലാളികളായ ശ്രീറാമിനേയും ശ്യാം കുമാറിനേയും വിരുന്നിന് ക്ഷണിച്ചു.ഈ വിരുന്നില്‍ വിതരണം ചെയ്ത സോഫ്റ്റ് ഡ്രിങ്കിലാണ് പ്രതികള്‍ മയക്കുമരുന്ന് നല്‍കിയത്. ശേഷം അടുത്തുള്ള കിണറ്റിലേക്ക് തള്ളുകയായിരുന്നു.