തിരുവനന്തപുരം: നഷ്ടപ്പെട്ട സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാനായി മുന്‍ എസ്.എഫ്.ഐ നേതാവായ അനുപമ എസ്. ചന്ദ്രന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്. വൈകിട്ട് അഞ്ച് വരെയാണ് സമരം. ഭര്‍ത്താവ് അജിത്തിനൊപ്പമാണ് അനുപമ നിരാഹാരമിരിക്കുന്നത്.പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷന് നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു.കുഞ്ഞിനെ നഷ്ടപ്പെട്ട് മാസങ്ങളായിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നത്.അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം വിവാദമായതോടെ അന്വേഷണവുമായി സർക്കാരും പോലീസും രംഗത്തെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു.ഏപ്രിൽ 19 നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പോലീസിൽ നൽകുന്നത്. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽവെച്ച് തന്റെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നാണ് പരാതി.