Kerala, News

കൊല്ലം അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകം;ഭർത്താവും സുഹൃത്തും അറസ്റ്റിൽ

keralanews incident of lady died of snake bite in kollam is murder husband and friend arrested

കൊല്ലം: അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.സൂരജ് കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും പാമ്പുകളെ എത്തിച്ച്‌ നല്‍കിയ കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.പാമ്പു പിടുത്തക്കാരനായ സുരേഷ്, സൂരജിന്റെ സൂഹൃത്തുകൂടിയാണ്.ഫെബ്രുവരി മാസം അവസാനം സുരേഷ് മുഖാന്തരം സൂരജ് ഒരു അണലിയെ കൈക്കലാക്കി.സുരേഷിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ പാമ്പിനെ ഉപയോഗപ്പെടുത്തി സൂരജിന്റെ വീട്ടില്‍ വച്ച്‌ ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.എന്നാല്‍ അന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഉത്ര ചികിത്സയ്ക്കും വിശ്രമത്തിനുമായി സ്വന്തം വീട്ടിലേക്ക് പോയി.ഏപ്രില്‍ 22നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി അഞ്ചലിലെ വീട്ടിലേക്ക് ഉത്ര മടങ്ങിയത്.ആദ്യ ശ്രമം പരാജയപ്പെട്ടെതിനെ തുടര്‍ന്ന് സൂരജ് മാര്‍ച്ച്‌ 24ന് വീണ്ടും സുരേഷുമായി ബന്ധപ്പെട്ട് മൂര്‍ഖന്‍ പാമ്പിനെ വാങ്ങുകയും പാമ്പുമായി ഉത്രയുടെ വീട്ടില്‍ എത്തുകയുമായിരുന്നു.കട്ടിലിന്റെ അടിയില്‍ ബാഗിനുള്ളില്‍ ഒരു ഡബ്ബയിലാക്കി സൂക്ഷിച്ചിരുന്ന മൂര്‍ഖനെ മേയ് ആറിന് രാത്രി പുറത്തെടുത്ത് ഉത്രയുടെ ദേഹത്ത് വയ്ക്കുകയായിരുന്നു.എന്നാല്‍ പാമ്പിനെ തിരിച്ച്‌ ഡബ്ബയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേദിവസം രാവിലെ അമ്മയെത്തി ഉത്രയെ വിളിച്ചിട്ടും എണീക്കാത്തതിനെ തുടര്‍ന്ന് അമ്മയും സഹോദരനും സൂരജും ചേര്‍ന്ന് അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വച്ച്‌ മരണം സ്ഥിരീകരിക്കുകയായിരുന്നു.വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അലമാരയുടെ അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തു.മരിച്ച അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.എസി ഉണ്ടായിരുന്ന, നിലം ടൈലിട്ട അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിപ്പിച്ചത്.

Previous ArticleNext Article