തിരുവനന്തപുരം: കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49) വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയമായ പരിശോധിക്കുന്നതിന് പ്രതികളുടെ ശബ്ദ സാമ്പിളുകൾ പരിശോധിക്കണം. ഇതിന് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടത് ആവശ്യമാണെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്. മകളുടെ മുന്നില്‍വെച്ച് പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.