ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒ.പികള്‍ ബഹിഷ്‌കരണം തുടങ്ങി. സൂചനാ സമരമെന്ന നിലയില്‍ രാവിലെ 10 മുതല്‍ 11 വരെമാത്രമാണ് ബഹിഷ്‌കരണം. സ്‌പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്‌കരിക്കുന്നത്. രാവിലെ 10 മുതല്‍ 11 വരെ ഒ.പി നിര്‍ത്തിവച്ച് പ്രതിഷേധ യോഗം നടത്തും.അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല. സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും രംഗത്തുണ്ട്. നടപടി വൈകിയാല്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഐഎംഎയും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മെയ് 14 നാണ് സിവില്‍ പോലിസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രന്‍ മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്.അഭിലാഷിന്റെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് പ്രതിയായ പോലീസുകാരൻ ഒളിവില്‍ പോയിരുന്നു. ക്രൂരമായ മര്‍ദനമേറ്റതായും നീതി കിട്ടാത്തതിനാല്‍ രാജി വയ്ക്കുകയാണെന്നും മര്‍ദനമേറ്റ ഡോ. രാഹുല്‍ മാത്യു ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ഇദ്ദേഹം ദീര്‍ഘാവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.അതേ സമയം ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി.വൈഎസ്.പിക്കാണ് അന്വേഷണ ചുമതല. ആലപ്പുഴ ജില്ലാ പൊലിസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂര്‍ ഡി.വൈഎസ്പി, മാവേലിക്കര എസ്‌എച്ച്‌ഒ എന്നിവര്‍ സംഘത്തില്‍ ഉണ്ടാകും.