ചങ്ങനാശ്ശേരി : വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ.ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ ഫോൺ നമ്പരാണ് വ്യക്തി വിരോധം തീർക്കാൻ ആരോ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്.ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും ശല്യം തുടര്‍ന്നതോടെ വീട്ടമ്മ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി.കൊച്ചി റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയുടെ മേല്‍നോട്ടത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, ചങ്ങനാശേരി ഡിവൈ.എസ്.പി.ആര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് വീട്ടമ്മയുടെ പരാതിയില്‍ പറയുന്ന മൊബൈല്‍ ഫോണുകളുടെ ഉടമസ്ഥരെ വിളിച്ചു വരുത്തി.ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ 44 പേർ ജെസിയെ വിളിച്ചതായി കണ്ടെത്തി. ഇതിൽ 24 ഫോൺ നമ്പറുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ 20 പേരെയാണ് ഇന്നലെ പോലീസ് വിളിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് എത്തിയത്. ഇതില്‍ നമ്പർ മോശമായി പ്രചരിപ്പിച്ച അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.നമ്പർ ആദ്യം പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിച്ചു. കൂടുതല്‍ അറസ്റ്റുകള്‍ വൈകാതെ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവർക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവർ സംഭവം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.