പാലക്കാട്: ലോക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തിൽ വിടി ബൽറാം ഉൾപ്പെടെ 6 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.കല്‍മണ്ഡപം സ്വദേശിയായ സനൂഫ് നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. കൈയേറ്റം ചെയ്യല്‍ അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.രമ്യ ഹരിദാസ് എംപിയുള്‍പ്പെടെയുള്ളവര്‍ ലോക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്തതിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുവാവിനെ മർദിച്ചതെന്നാണ് പരാതി.സമ്പൂർണ്ണ ലോക്ഡൗണ്‍ നിലവിലുള്ള ഞായറാഴ്ച കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എം പി , വി ടി ബല്‍റാം, റിയാസ് മുക്കോളി തുടങ്ങിയവര്‍ പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.അതേസമയം പാഴ്സല്‍ വാങ്ങാനാണ് ഹോട്ടലില്‍ എത്തിയതെന്നും യുവാവ് കയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ യുവാക്കളോട് അത്തരത്തില്‍ പെരുമാറിയത് എന്നുമാണ് എം.പിയുടെ ആരോപണം.എങ്കിലും, ഇതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കസബ പൊലീസ് പറഞ്ഞു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.നേരത്തെ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു.