കൊല്ലം: പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ ദുരൂഹത. സംഭവത്തില്‍ രേഷ്മയെ സഹായിച്ചു എന്ന സംശയത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കാണാതായ യുവതികള്‍ക്കായി ഇത്തിക്കരയാറ്റില്‍ തിരച്ചില്‍ നടത്തുകയാണ്.കാണാതായവര്‍ക്ക് 23ഉം 22ഉം വയസ്സു മാത്രമാണുള്ളത്.ഇതില്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുടെ പേരിലെ മൊബൈലാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് ഇവരെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. ഈ വര്‍ഷം ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട കാമുകന്‍റെ നിര്‍ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്‌മ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.രേഷ്മ പറഞ്ഞ വിവരങ്ങള്‍ക്കു സമാനമായ ഫെയ്‌സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തില്‍ കാമുകനു പങ്കില്ലെന്നാണു രേഷ്മയുടെ മൊഴി. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലൂടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു. യുവതി ഗര്‍ഭിണിയായതും പ്രസവിച്ച വിവരവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നതും ദുരൂഹത കേസില്‍ വര്‍ധിപ്പിക്കുന്നു.