കൊല്ലം:കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുന്നത്. പാമ്പ്പിടിത്തക്കാരനായ സൂരജിന്‍റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പ് കടിയേറ്റത്.ആദ്യം മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്‍റെ അടൂരിലുള്ള വീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്.തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികില്‍സ നടത്തി. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു.എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിലാണ് പാമ്പ് കയറിയത്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം. സൂരജിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്നും ഉത്രയുടെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്.അതേസമയം ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.