കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെയടക്കം ആറു ഫോണുകള്‍ ഹൈകോടതിയിലെത്തിച്ചു. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍,സഹോദരൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകള്‍, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് ഹൈക്കോടതിയിലെത്തിച്ചത്. ദിലീപ് സ്വന്തം നിലക്ക് സ്വകാര്യ ഫോറന്‍സിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ തിരിച്ചെത്തിച്ചിരുന്നു.ഇന്ന് രാവിലെ പത്തേകാലിന് മുൻപായി ആറു മൊബൈല്‍ ഫോണുകളും രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഹാജരാക്കാനായിരുന്നു കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം നൽകിയിരുന്നത്.മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. അംഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനയ്‌ക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണ് പരിശോധിച്ചതെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ആദ്യശ്രമം.ഇനി കോടതി തീരുമാനിക്കുന്ന ഏജൻസിയാകും ഫോണുകളുടെ ഫൊറൻസിക് പരിശോധന നടത്തുന്നത്. അതേ സമയം ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്നും വാദം നടക്കും. ഉച്ചയ്‌ക്ക് 1.45നാണ് കേസ് പരിഗണിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും.