കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്.സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല. ബിജെപിക്കു ജില്ലയില്‍ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിക്ക് 22,125 വോട്ടുകളാണ് ലഭിച്ചത്.തലശേരിക്ക് പുറമെ ഇടുക്കി ജില്ലയിലെ ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളി. എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായ ആര്‍.എം ധനലക്ഷ്‌മിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥി പൊന്‍പാണ്ടിയുടെയും പത്രികയിലെ ഫോറം 26 പൂര്‍ണമായി പൂരിപ്പിക്കാത്തതിനാല്‍ തളളിക്കളഞ്ഞത്. ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥിയായ അഡ്വക്കേറ്റ് നിവേദിതയുടെ പത്രികയും സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പ് സത്യവാങ്‌മൂലത്തില്‍ ഇല്ലാത്ത കാരണത്താല്‍ തളളി.