ന്യൂഡൽഹി:രാജ്യത്തെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി.യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.മുന്നൊരുക്കമില്ലാതെ ഫാസ്ടാഗ് നടപ്പാക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഒരു മാസം കൂടി സമയം നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.ഡിസംബര്‍ 15 മുതല്‍ ടോള്‍ ബുത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ 75 ശതമാനം വാഹന ഉടമകളും ഫാസ്ടാഗിലേക്ക് മാറാതിരുന്നതോടെ ജനുവരി 15 മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് ദേശീയപാത അതോറിറ്റി തീരുമാനിക്കുകയായിരുന്നു.ഫാസ്ടാഗ് നടപ്പാക്കുന്നതിന് മുന്നോടിയായി പാലിയേക്കരയിലും കുണ്ടന്നൂരിലും നടത്തിയ പരീക്ഷണം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കി.ഇതോടെ ടോള്‍പ്ലാസകളില്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കുടുങ്ങി.പലരും ഫാസ്ടാഗ് കാര്‍ഡിന് ഓള്‍ലൈനില്‍ അപേക്ഷിച്ചെങ്കിലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. ഇതോടെയാണ് ഡിസംബര്‍ 15ന് തുടങ്ങാന്‍ നിശ്ചയിച്ച പരിഷ്കാരം ഒരുമാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചത്.