കണ്ണൂർ:അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.വിജിലന്‍സ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യൽ.വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കാണിക്കാന്‍ ഷാജിക്ക് ഇത് വരെ സാധിച്ചിട്ടില്ല .അതിനാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍ .കെ എം ഷാജിയുടെ കണ്ണൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നും 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് കണ്ടെടുത്തു.വിജിലന്‍സ് പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്ന് ഷാജി അവകാശപ്പെട്ടിരുന്നുവെങ്കിലും ഒന്നും ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.പരിശോധനയ്‌ക്കിടെ വീട്ടില്‍ നിന്ന് രേഖകളില്ലാതെ പിടികൂടിയ പണം ആരില്‍ നിന്നാണ് ലഭിച്ചത്, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ സ്രോതസ്, 28 തവണ വിദേശ യാത്ര നടത്തിയത് എന്തിന് എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സിന് അറിയാനുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ചോദ്യാവലി ഉദ്യോഗസ്‌ഥര്‍ തയാറാക്കിയിട്ടുണ്ട്.ഷാജിയുടെ കണ്ണൂരിലെ വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയില്‍ നിന്ന് രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വര്‍ണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 491 ഗ്രാം സ്വര്‍ണാഭരണവും 30,000 രൂപയും രണ്ട് വീട്ടില്‍ നിന്നുമായി 77 രേഖകളുമാണ് വിജിലന്‍സ് കണ്ടെടുത്തിരുന്നത്. ഷാജിയുടെയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകള്‍, വീട്ടിലെ ആഡംബര ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കമുള്ളവയുടെ മൂല്യമുള്‍പ്പെടെ കണക്കാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപങ്ങള്‍, ബിസിനസ് പങ്കാളിത്തം എന്നിവയും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ഷാജിക്ക് തിരികെ നല്‍കിയിട്ടുണ്ട്.