Kerala, News

അനധികൃത സ്വത്ത് സമ്പാദന കേസ്;കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു

keralanews illegal property acquisition case vigilance questions km shaji again

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിയെ തുടര്‍ച്ചയായ രണ്ടാം ദിവസവും വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഇന്നലെ ഷാജിയെ മൂന്ന് മണിക്കൂറിലേറെ നേരം വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ഷാജി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജിയെ നേരത്തേ ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇന്നലെ വീണ്ടും വിളിപ്പിച്ചത്. ഷാജിയുടെ വീട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതായാണ്‌ വിവരം. കണ്ണൂരിലെ വീട്ടില്‍ നിന്ന്‌ കണ്ടെടുത്ത 47 ലക്ഷത്തില്‍പ്പരം രൂപയുടെ രേഖകള്‍ ഹാജരാക്കിയതിലും പൊരുത്തക്കേടുണ്ടെന്നാണ് അറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്‍റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്‍റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.മണ്ഡലം കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ എം ഷാജി മൊഴി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത തുകയാണ് വിജിലന്‍സ് തന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നും പറഞ്ഞിരുന്നു. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്.

Previous ArticleNext Article