Kerala, News

ഇലന്തൂർ നരബലി കേസ്; ഡമ്മികളെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കാന്‍ പോലീസ്

keralanews ilantur human sacrifice case police bring in dummies to reenact the murder

പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്‌കരിച്ച് പോലീസ്.ഇതിനായി കൊല്ലപ്പെട്ടവരുടേതിന് സമാനമായ വലുപ്പത്തിലുള്ള ഡമ്മി തയ്യാറാക്കി. കൊച്ചി പോലീസിന്റെ നിര്‍ദേശം പ്രകാരം പത്തനംതിട്ട പോലീസാണ് ഡമ്മി തയ്യാറാക്കിയത്.പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡമ്മി ഉപയോഗിച്ച് ഏതൊക്കെ തരത്തില്‍ കൃത്യം നടത്തിയെന്നത് പ്രതികളെ കൊണ്ടുതന്നെ വിശദീകരിപ്പിക്കും.ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടിനുള്ളിൽ ആയിരുന്നു ഡമ്മി പരിശോധന നടത്തിയത്. പത്മ, റോസിലിൻ എന്നിവരുടെ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന. ഡമ്മി പരിശോധനയ്ക്കായി പ്രത്യേകം ടേബിളും പൊലീസ് എത്തിച്ചിരുന്നു. പ്രതികളെ ഓരോരുത്തരായാണ് വീട്ടിനുള്ളിലേക്ക് എത്തിച്ചത്. ആദ്യം ഭഗവൽ സിങിനെയാണ് കൊണ്ടുവന്നത്. എങ്ങനെയാണ് കൊലപാതകവും നരബലിയും നടത്തിയതെന്ന് വിശദീകരിക്കാൻ അന്വേഷണസംഘം ഭഗവൽ സിങിനോട് ആവശ്യപ്പെട്ടു.കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പിനായാണ് ഇലന്തൂരിൽ എത്തിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഭഗവൽ സിങിന്‍റെ വീട് നിൽക്കുന്ന പുരയിടത്തിൽ ഇന്ന് വിശദമായ പരിശോധനയാണ് നടത്തിയത്. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ മായ, മർഫി എന്നീ പൊലീസ് നായക്കളെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തിയത്.

പോലീസ് നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തിയത് മഞ്ഞൾ ചെടികൾ നട്ടിപിടിപ്പിച്ച ഭാഗത്താണ്. ഈ ഭാഗത്തെത്തിയപ്പോൾ നായ കുരയ്‌ക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് പോലീസ് കുഴിയെടുത്ത് പരിശോധിക്കാനായി അടയാളപ്പെടുത്തി വെച്ചത്. അതിന് ശേഷം ഒരു ചെമ്പകം വളർന്ന് നിൽക്കുന്ന ഭാഗത്തും നായ നിന്നു. നായ മണം പിടിച്ച് നിൽക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് അവിടെ പ്രതികളെ എത്തിച്ച് പോലീസ് വിവരങ്ങൾ തേടുന്നുണ്ട്. അന്വേഷണത്തിൽ പ്രതികളുടെ വീട്ടിൽ നിന്നും അസ്ഥി ലഭിച്ചു. മനുഷ്യന്റെതാണെന്ന് സ്ഥിരീകരിക്കുന്നതിനായി അസ്ഥി പരിശോധനയ്‌ക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി.ലൈലയെയും ഭഗവൽ സിംഗിനെയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്‌ക്കുന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്.

Previous ArticleNext Article