എറണാകുളം: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളെയും കോടതി കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നിവരെ 12 ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആയിരുന്നു അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് പൂർണമായി അംഗീകരിച്ചുകൊണ്ടായിരുന്നു 12 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും, നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരാൻ ഉണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.ആഭിചാര കൊലയ്‌ക്ക് വേണ്ടി ഷാഫി മറ്റ് ജില്ലകളിൽ നിന്നും സ്ത്രീകളെ എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു പോലീസിന്റെ പ്രധാന ആവശ്യം. അതേസമയം പ്രോസിക്യൂഷന്റെ വാദങ്ങളെ പ്രതിഭാഗം ശക്തമായി എതിർത്തെങ്കിലും ഫലം കണ്ടില്ല.ഇതിനിടെ പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്‌ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു.