കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പോലീസ്.മോർച്ചറിയിലെ മുഹമ്മദ് ഷാഫിയുടെ അനുഭവപരിചയം നരബലിക്ക് ഉപയോഗിച്ചു. വർഷങ്ങൾ പഴക്കമുള്ള സംഭവത്തിൽ തെളിവുശേഖരണം നടക്കുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു.ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചത് സംബന്ധിച്ച് തെളിവു ശേഖരിച്ചു വരികയാണ്. എന്നാൽ ഇതിന് രേഖകളൊന്നും ഇല്ല.മോർച്ചറി സഹായി ആയിരുന്നതിലുള്ള പരിചയവും നരബലിക്ക് വേണ്ടി ഇയാൾ ഉപയോഗിച്ചിട്ടുണ്ടാകാം. കൂടുതൽ വിവരങ്ങൾ കുറ്റപത്രം തയ്യാറാക്കിയ ശേഷം മാത്രമേ പറയാൻ സാധിക്കൂ. പ്രതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരികയാണെന്നും സി.എച്ച് നാഗരാജു പറഞ്ഞു. ഫെയ്സ്ബുക്കാണ് ഈ കേസിൽ പ്രധാനപ്പെട്ട കാര്യം. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധന നടത്തിവരികയാണ്. ഇലന്തൂരിൽ തെളിവെടുപ്പ് ആവശ്യമെങ്കിൽ ഒന്നുകൂടി പോകേണ്ടി വരും. ഷാഫി പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ വിശ്വസനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.