കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും കോയമ്പത്തൂര്‍ ടവര്‍ ലൊക്കേഷനിലുണ്ടെന്ന് ഇന്നലെ രാത്രി തന്നെ പോലീസ് മനസിലാക്കിയിരുന്നു.ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ പത്ത് മണിയോടെ കോയമ്പത്തൂരില്‍ നിന്ന് തലശ്ശേരിയില്‍ എത്തിച്ചു. തലശ്ശേരിയില്‍ ഇവര്‍ നടത്തിയിരുന്ന സ്ഥാപനത്തിന് സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കാണാതാകുന്നത്.ഫര്‍ണ്ണീച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് ഇവർ നാട് വിട്ടത്. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകില്ലെന്ന് നഗരസഭയ്‌ക്കെതിരെ എഴുതിയ കത്തില്‍ പറയുന്നുണ്ട്. അതേസമയം ദമ്പതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി നഗരസഭാ പേഴ്‌സണ്‍ ജമുനാറാണി രംഗത്തെത്തി. കരുതിക്കൂട്ടി ആക്രമിക്കാന്‍ വേണ്ടിയാണ് ദമ്പതികള്‍ നാടുവിട്ടതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.