ഇടുക്കി:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മുഖ്യപ്രതി പോലീസ് പിടിയിലായി. നേര്യമംഗലത്തു നിന്നാണ് കൃഷ്ണന്റെ ശിഷ്യൻ കൂടിയായ അനീഷിനെ അറസ്റ്റ് ചെയ്തത് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ കൂട്ടുപ്രതി ലിബീഷില്‍ നിന്ന് ഇന്ന് തെളിവെടുക്കും. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണ്.ഇത് തിരിച്ചെടുക്കുന്നതിനൊപ്പം ലീബീഷിന്റെ കാരിക്കോട്ടെ വീട്ടിലും കൃഷ്ണന്റെ കമ്പക്കാനത്തെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. നേരത്തെ നടത്തിയ തെളിവെടുപ്പില്‍ നാലംഗ കുടുംബത്തെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന് കാണിച്ച് കൊടുത്തിരുന്നു. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണനും അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച് മന്ത്രവിദ്യകള് സ്വായത്തമാക്കിയിരുന്ന അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പണവും സ്വര്‍ണവും അപഹരിക്കുന്ന ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നു.തൊടുപുഴ വണ്ണപ്പുറം കമ്പകാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്ജുന് എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്.