Kerala, News

ഇടുക്കി അണക്കെട്ട് ഇന്ന് 11 മണിക്ക് തുറന്നുവിടും

keralanews idukki dam will open today at 11am

ഇടുക്കി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലെ ഷട്ടറാണ് തുറക്കുക.ഇന്നലെ നാല് മണിക്ക് ഷട്ടര്‍ തുറക്കാനായിരുന്നു കെഎസ്‌ഇബിയുടെ ആദ്യ തീരുമാനം. എന്നാല്‍ പകല്‍ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്‌ഇബി ബോര്‍ഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്.അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും നാളെ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Previous ArticleNext Article