Kerala, News

ഇടുക്കി അണക്കെട്ട് 11 മണിയോടെ തുറക്കും; അതീവ ജാഗ്രത നിർദേശം

keralanews idukki dam to open at 11 am extreme alert issued

ഇടുക്കി: ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക.  2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്.സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുക. അതേസമയം, അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് തുറക്കാന്‍ പോകുന്നത്.താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഇടുക്കിയില്‍ ഇപ്പോഴും ഒറ്റപ്പെട്ട മഴ തുടരുകയാണ്. ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി-കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടേക്കാം. ഏറ്റവും അവസാനം ആലുവാപ്പുഴയിലെത്തി അറബിക്കടലിലായിരിക്കും വെള്ളം ചേരുക.ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും. പിന്നാലെ മറ്റു രണ്ടു ഷട്ടറുകളും ഉയർത്തും.

അതേസമയം അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് വ്യക്തമാക്കി. അണക്കെട്ടുകളെക്കുറിച്ചുള്ള ഭീതിജനകമായ വാര്‍ത്തകളും സന്ദേശങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡാം തുറക്കുന്നത് പരിഗണിച്ച്‌ സർക്കാരിന്റെ നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അഭ്യര്‍ത്ഥിച്ചു. അപകടമേഖലകളിലുള്ള ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണം. അല്ലാത്തവരെ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വരുമെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി. 2018 ല്‍ പ്രളയമുണ്ടായപ്പോള്‍ ഇടുക്കിയിലും കോട്ടയത്തും പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിയത്. ജനങ്ങള്‍ ജാഗ്രത കൈവിടരുത്. റവന്യൂ ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം ജില്ലയില്‍ തങ്ങാനും മന്ത്രി നിര്‍ദേശിച്ചു.ഇടുക്കിയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ജലനിരപ്പ് കുറഞ്ഞാല്‍ ഉടന്‍ ഷട്ടറുകള്‍ അടയ്ക്കും. എപ്പോഴും നിരീക്ഷണമുണ്ടാകുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.

Previous ArticleNext Article