കൊച്ചി: കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ ദേശീയപാത ഉപരോധത്തിനെതിരെ പ്രതികരിച്ചതിന് നടൻ ജോജു ജോർജ്ജിന്റെ കാർ തകർത്തവരെ തിരിച്ചറിഞ്ഞു.കോൺഗ്രസ് പ്രവർത്തകൻ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.ടോണി ചമ്മണി ഉള്‍പ്പടെ കണ്ടാല്‍ അറിയാവുന്ന 7 പേര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപ നഷ്ടം വരുത്തി, ജോജുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്ന കുറ്റങ്ങളും പൊലീസ് ചുമത്തിയിട്ടുണ്ട്.ഞായറാഴ്ച രാവിലെയാണ് ഇടപ്പള്ളി-വൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. അതുവഴി കാറിലെത്തിയ ജോജു ജോര്‍ജിന്റെ വാഹനവും വഴിതടയലില്‍ കുടുങ്ങി. വാഹനത്തില്‍ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ജോജുവിന്റെ കാര്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. അതേസമയം തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ടോണി ചമ്മിണി പറഞ്ഞു. കാറിന്റെ ചില്ല് തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.