റായ്പൂര്‍:ഛത്തീസ്ഗഡില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലുണ്ടായ സംഘര്‍ഷത്തിനിടെ ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും ഉൾപ്പെടുന്നു.ഐടിബിപി കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിന് വെടിവെപ്പില്‍ പരിക്കേറ്റു. ഐടിബിപി ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഐടിബിപി ഹെഡ്‌കോണ്‍സ്റ്റബില്‍ മസുദുല്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്രസിങ് ( ബിലാസ്പൂര്‍, ഹിമാചല്‍പ്രദേശ്), ദല്‍ജിത്ത് സിങ് ( ലുധിയാന-പഞ്ചാബ്), കോണ്‍സ്റ്റബിള്‍മാരായ സുര്‍ജിത്ത് സര്‍ക്കാര്‍ (ബര്‍ദ്വാന്‍- പശ്ചിമബംഗാള്‍), ബിശ്വരൂപ് മഹദോ (പുരൂലിയ-പശ്ചിമബംഗാള്‍) എന്നിവരാണ് മരിച്ചത്.നാരായണ്‍പൂരില്‍ രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. വ്യക്തിപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐ ജി പി സുന്ദരരാജ് അറിയിച്ചു.തര്‍ക്കത്തിനിടെ ഒരു പൊലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത പൊലീസുകാരനെയും വെടിവെച്ച് കൊന്നു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍മാര്‍ഗം റായ്‌പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും ചത്തീസ്ഗഡില്‍ വിന്യസിച്ചിരിക്കുന്നത്.സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു.