Kerala, News

ഐ ഫോണ്‍ കേസ്;ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

keralanews i phone case customs again sent notice to vinodini balakrishanan to appear for questioning

തിരുവനന്തപുരം:ഐ ഫോണ്‍ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ് അയച്ചു.ഈ മാസം 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ മേല്‍വിലാസത്തില്‍ ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു.പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേല്‍വിലാസത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍. ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.1,13,900 രൂപ വിലവരുന്ന ഐ ഫോണാണിത്. ലൈഫ് മിഷന്‍ പദ്ധതിക്ക് കോഴ നല്‍കാന്‍ 6 ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയത്. ഇതില്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെ അഞ്ച് ഐഫോണുകള്‍ ഉപയോഗിക്കുന്നവരെ അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ആറാമത്തെ ഐഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് വിനോദിനി ബാലകൃഷ്ണനിലെത്തിയത്. വിനോദിനിയുടെ നമ്പറിൽ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാമ്പിങ് കമ്പനി യു.എ എഫ്.എക്‌സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്.സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ പിന്നീട് ഉപയോഗിക്കാതായി. നിലവില്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നത് മറ്റൊരാളാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഫോണ്‍ എങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കൈവശമെത്തിയത് എന്നതില്‍ വ്യക്തതയുണ്ടാക്കുന്നതിനാണ് ചോദ്യം ചെയ്യല്‍.

Previous ArticleNext Article