ന്യൂഡൽഹി:ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി അന്തര്‍വാഹിനി ‘ഐഎന്‍എസ് ഖണ്ഡേരി’ കമ്മിഷന്‍ ചെയ്തു.മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കമ്മിഷന്‍ ചെയ്തത്.സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരിക്ക് കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിര്‍വ്വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്നു നാവിക സേന അറിയിച്ചു. കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകള്‍ക്ക് കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുണ്ട്.കല്‍വരി ക്ലാസില്‍ രണ്ടാമത്തേതായ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് ഖണ്ഡേരി.ഇവയില്‍ ആദ്യത്തെ അന്തര്‍വാഹിനിയായിരുന്നു ഐഎന്‍എസ് കല്‍വരി.2017 ആഗസ്റ്റിലാണ് ഐഎന്‍എസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയില്‍ വച്ചും ജലോപരിതലത്തില്‍ വച്ചും ആക്രമണം നടത്താന്‍ ഇതിനു ശേഷിയുണ്ട്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കല്‍, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഖണ്ഡേരി കരുത്തേകും. നാവികസേനയ്ക്കു വേണ്ടി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍.