India, News

ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍; നികുതി വരുമാനം കുത്തനെ ഇടിഞ്ഞു; മുന്നറിയിപ്പുമായി ഐ.എം.എഫ്

keralanews i m f warns that india in severe financial crisis tax revenue falls down

ന്യൂഡൽഹി:ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി ഐ.എം.എഫ്.ഏഷ്യയില്‍ അതിവേഗം വളരുന്ന സാമ്ബത്തികവ്യവസ്ഥ സ്വന്തമാക്കിയ ഇന്ത്യയുടെ ഇപ്പോഴത്തെ അവസഥ അദ്ഭുതപ്പെടുത്തുന്നതാണെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. രാജ്യത്ത് നിക്ഷേപവും ഉപഭോഗവും കുറയുന്നതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് ഐ.എം.എഫിന്റെ വാര്‍ഷികഅവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കടുത്ത നടപടികളും സാമ്പത്തിക പരിഷ്‌കരണ പദ്ധതികളും ഉടന്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധികളില്‍ നിന്നും കരകയറാനാവു എന്നാണ് ഐ.എം.എഫ്. സര്‍ക്കാരിനു നല്‍കുന്ന മുന്നറിയിപ്പ്.നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറച്ചെന്ന് ഐ.എം.എഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടിരുന്നു. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഒരു പാദത്തില്‍ രണ്ട് ശതമാനം ഇടിവുവരുത്തിയെന്ന് ഗീത ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു.

ഐ.എം.എഫ് അടക്കമുള്ള സാമ്പത്തിക ഏജന്‍സികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നതായി വിലയിരുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പഠനങ്ങളെ പാര്‍ലമെന്റിലടക്കം തള്ളിക്കളയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ബഡ്ജറ്റ് അവതരണത്തിനുശേഷം രാജ്യത്ത് വാഹനനിര്‍മ്മാണ മേഖലയിലടക്കം വില്‍പ്പനയില്‍ വന്‍ മാന്ദ്യം നേരിട്ടിരുന്നു. വാഹന നിര്‍മ്മാതാക്കള്‍ ഫാക്ടറികള്‍ പൂട്ടിയിട്ട് ഉത്പാദനം കുറയ്ക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രം കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നതടക്കം നിരവധി ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ കാലയളവില്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടിയതും ജനത്തിന്റെ ഉപഭോഗ പരിധിക്ക് തടയിട്ടു. നോട്ട് നിരോധനവും, ജി.എസ്.ടി നടപ്പിലാക്കിയതിലെ പിഴവുകളുമാണ് രാജ്യത്തെ ഇന്നത്തെ സാമ്ബത്തിക ദുരവസ്ഥയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധരും, പ്രതിപക്ഷവും വിലയിരുത്തുന്നു

Previous ArticleNext Article