കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പരസ്യമായി കുറ്റം സമ്മതിച്ച് സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചല്‍ ഉത്ര കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളായ സൂരജ്, പാമ്പു പിടിത്തക്കാരന്‍ ചാവരുകാവ് സുരേഷ് എന്ന സുരേഷ്‌കുമാര്‍ എന്നിവരെ കൂടുതല്‍ തെളിവെടുപ്പിനായി അഞ്ചല്‍ വനം വകുപ്പ് അധികൃതര്‍ അടൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് സൂരജ് മാധ്യമങ്ങളോട് കുറ്റം ഏറ്റുപറഞ്ഞത്. താന്‍ ആണ് ഉത്രയെ കൊന്നതെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ക്യാമറകള്‍ക്കു മുന്നില്‍ സൂരജ് കുറ്റസമ്മതം നടത്തിയത്. മുന്‍പ് താനല്ല ഉത്രയെ കൊന്നതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സൂരജ്. എല്ലാം സത്യസന്ധമായി പോലീസിനോടു പറഞ്ഞിട്ടുണ്ടെന്ന് സുരേഷും പറഞ്ഞു. മുഖ്യ പ്രതികളായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കല്ലുവാതുക്കല്‍ സ്വദേശി പാമ്പ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂര്‍ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതര്‍ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.മാര്‍ച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27നാണ് സുരേഷ് അണലിയെ വീട്ടിലെത്തിച്ച് നല്‍കിയത്.ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കിയിരുന്നു.ഉത്ര കൊലപാതക കേസില്‍ മാര്‍ച്ച് 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.