Kerala, News

പമ്പയിലെ സുരക്ഷാ ചുമതലകളിൽ നിന്നും ഐ.ജി ശ്രീജിത്തിനെ മാറ്റി

keralanews i g sreejith shifted from the security duties at pampa

പത്തനംതിട്ട:ചിത്തിരയാട്ടത്തിനായി അഞ്ചാം തീയതി ശബരിമല നടതുറക്കാനിരിക്കെ സുരക്ഷയുടെ ഭാഗമായി പോലീസിൽ അഴിച്ചുപണികൾ നടക്കുന്നു.ഇതിന്റെ ഭാഗമായി പമ്പയിലെ സുരക്ഷാ ചുമതലകളിൽ നിന്നും ഐ.ജി ശ്രീജിത്തിനെ മാറ്റി.തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിനായിരിക്കും പമ്ബയില്‍ ക്രമീകരണങ്ങളുടെ പൂര്‍ണചുമതല.തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നപ്പോൾ സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാന്‍ ശ്രമം നടന്നത് ശ്രീജിത്തിന്റെ നേതൃത്ത്വത്തിലായിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ തിരിച്ചയച്ചെങ്കിലും, പിന്നീട് ശ്രീജിത്ത് നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ അതൃപ്‌തിക്ക് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സന്നിധാനത്ത് ദര്‍ശനത്തിനിടെ ശ്രീജിത്ത് കരയുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്‌തതോടെ ഐ.ജിയെ മാറ്റണമെന്ന ആവശ്യം സി.പി.എം നേതൃത്വത്തിലും ചര്‍‌ച്ചയായി. ഭക്തനായ ഐ.ജിയെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നത് സുപ്രീം കോടതി വിധിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിന് വിമര്‍ശം ഏല്‍ക്കേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ട്.അതേസമയം ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി ആറു മേഖലകളായി തിരിച്ച് വന്‍ പോലീസ് വിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ പോലീസ് അടക്കം 1500 ലേറെ പോലീസ് ഉദ്യോഗസ്ഥരെ മലയില്‍ വിന്യസിക്കും.സന്നിധാനത്ത് മാത്രം 200 പോലീസുകാര്‍ ഉണ്ടാകും. കൂടാതെ മരക്കൂട്ടത്ത് 100 പേരും പമ്പയിലും നിലയ്ക്കലിലും 200 പേരും വീതം പോലീസും ഉണ്ടാകും. ഇവരെ കൂടാതെ 50 വനിതാ പോലീസുകാരും ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടാകും.

Previous ArticleNext Article