കൊച്ചി:കേരളത്തെ ഞെട്ടിച്ച് കൊച്ചി മുനമ്പം ഹാർബർ വഴി മനുഷ്യക്കടത്ത്.മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ മുനമ്പം ഹാര്‍ബര്‍ വഴി ഓസ്‌ട്രേലിയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യകടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.ശനിയാഴ്ച്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുളള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂട്ടിയിട്ടിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍ ,കുടിവെളളം, ഫോട്ടോകള്‍ ,ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുളള വിമാനടിക്കറ്റുകള്‍,കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി. ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം ഉണ്ടായെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ബാഗില്‍ കണ്ട രേഖകളില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘം സമീപ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു.
അതേസമയം പോലീസ് നടത്തിയ അന്വേഷണത്തിൽ മനുഷ്യക്കടത്തിനെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചു.ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിയ സംഘം ചെറായിയിലെ വിവിധ ലോഡ്ജുകളിലാണ് താമസിച്ചിരുന്നത്.ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിന് മുമ്ബായി ബോട്ടുകളില്‍ അധിക ഇന്ധനം നിറച്ചതിന്റെയും കുടിവെളളവും മരുന്നും ശേഖരിച്ചതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു.കൊച്ചി ചെറായിയിലെ ആറ് ഹോംസ്റ്റേകളിലായി ഈ മാസം 11 വരെ ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുളള 41 അംഗ സംഘം താമസിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.ഡിസംബര്‍ 22നാണ് ദില്ലിയില്‍ നിന്ന് 5 പേര്‍ ചെന്നൈയിലെത്തിയത്. അവിടെ വച്ച് സംഘം വിപുലപ്പെടുത്തി. അഞ്ചാം തിയതിയോടെ സംഘം ചെറായിലെത്തി.മുനമ്പം, വടക്കേക്കര, ചെറായി തുടങ്ങിയ തീരപ്രദേശങ്ങളില്‍ താമസിച്ച് ഓസ്‌ട്രേലിയയിലേക്ക് കടക്കാനുളള സജ്ജീകരണങ്ങള്‍ ഒരുക്കി.മുനമ്ബത്തെ പെട്രോള്‍ പമ്പിൽ നിന്നും 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനം ശേഖരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കുടിവെളളം ശേഖരിക്കാന്‍ മുനമ്പത്ത് നിന്നും അഞ്ച് ടാങ്കുകള്‍ വാങ്ങി. ഒരു മാസത്തേക്കുളള മരുന്നുകളും ശേഖരിച്ചിട്ടുണ്ട്.ഓസ്‌ട്രേലിയയോ ന്യൂസിലന്‍ഡോ ആകാം ലക്ഷ്യമെന്ന് കരുതുന്നു. മുനമ്ബം തീരത്ത് നിന്നും പുറപ്പെട്ടാന്‍ ഓസീസ് തീരത്തെത്താന്‍ 27 ദിവസമെങ്കിലും വേണ്ടി വരും. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കടലിലും തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.രാജ്യാന്തര ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസില്‍ ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.