International, News

കാബൂളിൽ നിന്നെത്തിയ വിമാനത്തിന്റെ ടയറില്‍ മനുഷ്യ ശരീരാവശിഷ്‌ടങ്ങള്‍; അന്വേഷണവുമായി വ്യോമസേന

keralanews human remains on the tire of a plane from kabul air force with investigation

വാഷിംഗ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ഗാന്‍ഡിംഗ് ഗിയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യു.എസ് വ്യോമസേന.താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തതോടെ കാബൂളില്‍ നിന്നുള്ള യു.എസ് ഉദ്യോഗസ്ഥരുമായി നാട്ടിലേക്ക് തിരിച്ച സി-17 വിമാനത്തിന്റെ വീല്‍ വെല്ലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി യു.എസ് വ്യോമസേന ചൊവ്വാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.തിങ്കളാഴ്ച കാബൂളില്‍ എത്തിയ വിമാനത്തെ നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ വളയുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷ അവതാളത്തിലാകുമെന്ന് കണ്ടതോടെ സി-17 വിമാനം എത്രയും വേഗം ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. യു.എസ് വിമാനത്തിന്റെ ചക്രത്തിലും ചിറകിലും പിടിച്ചുതൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ പറക്കലിനിടെ വീണ് മരിച്ചതും യു.എസ് സ്ഥിരീകരിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളില്‍ നിന്ന് രക്ഷപ്പെട്ട 600 ലധികം പേരുമായി ഖത്തറില്‍ ഇറങ്ങിയത്. ഒഴിപ്പിക്കലിനാവശ്യമായ ചരക്കുമായാണ് വിമാനം കാബൂളില്‍ എത്തിയത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ രക്ഷപ്പെടാനായി ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. നൂറുകണക്കിന് ആളുകള്‍ വിമാനത്തിലേക്ക് തിക്കിതിരക്കി കയറിയതോടെ വിമാനം ചരക്കിറക്കാതെ ടേക്ക് ഓഫ് ചെയ്‌തെന്നുമാണ് വിശദീകരണം.യു എസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടുകയും റണ്‍വേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ ലോകം നടുക്കത്തോടെയാണ് കണ്ടത്. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.

Previous ArticleNext Article