
ധര്‍മശാല: ആന്തൂരിലെ അഫ്ര പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്.കെട്ടിടവും ഉപകരണങ്ങളും ഉത്പന്നങ്ങളുമുള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഉടമകള്‍ പറഞ്ഞു.കൃത്യമായ നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. തളിപ്പറമ്പ് ടാഗോര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചെറുകുന്നോന്റകത്ത് അബൂബക്കറിന്റെതാണ് ഫാക്ടറി. കെട്ടിടത്തിന്റെ ഒരുവശത്തുള്ള ചേംബറിനു സമീപത്തുനിന്നാണ് തീപടര്‍ന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഉടന്‍ സെക്യൂരിറ്റിയും മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ തളിപ്പറമ്പില്‍നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.അപ്പോഴേക്കും കെട്ടിടം പൂർണ്ണമായും കത്തിനശിച്ചിരുന്നു.തീകെടുത്താനുള്ള ശ്രമം രാവിലെ പതിനൊന്നോളം നീണ്ടു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം ചിറ, പറശ്ശിനിപുഴ എന്നിവിടങ്ങളില്‍നിന്നാണ് അഗ്‌നിരക്ഷാസേന വെള്ളം ശേഖരിച്ചത്.