ലബനൻ:ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇരട്ട സ്ഫോടനം.സ്‌ഫോടനത്തില്‍ 73 പേര്‍ മരിച്ചു. 2750-ഓളം പേര്‍ക്ക് പരിക്കേറ്റു.സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല.ലബനീസ് ആരോഗ്യമന്ത്രി ഹമദ് ഹസനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപമായിരുന്നു സ്ഫോടനം.തുറമുഖത്തിനടുത്ത് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് ആദ്യ സ്ഫോടനം.തൊട്ടു പിന്നാലെ മറ്റൊരു വന്‍ സ്ഫോടനവും ഉണ്ടായി.നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനന്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി.സ്‌ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ അനുഭവപ്പെട്ടു. കെട്ടിടങ്ങളും ജനാലകളും പ്രകമ്പനത്തിൽ ചിന്നിച്ചിതറി.2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്‌ഫോടനം നടന്നത്.സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലെബനന്‍ പ്രധാനാമന്ത്രി ഹസന്‍ ടിയാബ് ഉത്തരവിട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന് പ്രധാമന്ത്രി നല്‍കിയ നിര്‍ദേശം . മരിച്ചവരുടേയും പരിക്കേറ്റവരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ബെയ്റൂത്തിലുണ്ടായത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.ലെബനന് എല്ലാ വിധ സഹായവും യുഎസ് വാഗ്ധാനം ചെയ്തു.