Kerala, News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews housewife died in thrissur confirmed corona

തൃശൂർ:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.തൃശ്ശൂർ അരിമ്പൂരില്‍ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് മരിച്ച വത്സലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധനാ ഫലമാണ് പോസിറ്റീവായത്. പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു മൃതദേഹം സംസ്കരിച്ചത്.ഇക്കഴിഞ്ഞ അഞ്ചാംതീയതി വൈകീട്ട് നാല് മണിയോടെയായിരുന്നു വത്സല നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. മരണകാരണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ട്രൂനാറ്റ് പരിശോധന നടത്തിയിരുന്നു. ഈ ഫലം നെഗറ്റീവായിരുന്നു. പരിശോധനാഫലത്തിലെ സംശയം കാരണം രണ്ട് ദിവസം കൂടി മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചു. ജൂണ്‍ ഏഴിനാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം പുറത്തെടുത്തത്. പി.സി.ആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. ഈ പരിശോധനാഫലം കാത്തുനില്‍ക്കാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഗുരുവായൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ബസില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അമ്മയും മകളും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പുത്തൂരാം കവല പി.കെ ബാലകൃഷ്ണൻ നായരാണ് ആണ് മരിച്ചത്.

Previous ArticleNext Article