
വൈപ്പിൻ: രാത്രിയിൽ വീട്ടുപരിസരത്ത് വന്ന് നാൽപത്തിമൂന്നുകാരിയായ വീട്ടമ്മയെ കടന്നുപിടിച്ചു ബലമായി ചുംബിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചു മുറിച്ചെടുത്തു. വീട്ടമ്മയുടെ പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ കൊച്ചി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്നു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഞാറയ്ക്കലായിരുന്നു കേസിനാസ്പദമായ സംഭവം.ഞാറയ്ക്കലിലെ ടൂറിസ്റ്റ് ടെന്പോ ഡ്രൈവറായ മൂരിപ്പാടത്ത് എം.ജി. രാകേഷ് (30) ആണ് അറസ്റ്റിലായത്. കടിച്ചെടുത്ത നാക്കിൻ കഷണം വീട്ടമ്മ പിറ്റേന്നു പരാതിയോടൊപ്പം പോലീസിനു നൽകിയിരുന്നു. ഇതേത്തുടർന്നു ബലാത്സംഗത്തിനു കേസെടുത്തു പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. രാത്രി പാത്രങ്ങളെല്ലാം കഴുകിയശേഷം കിടക്കുന്നതിനു മുന്പായി ശുചിമുറിയിൽ പോകാൻ വീട്ടമ്മ പുറത്തിറങ്ങിയ സമയത്തായിരുന്നു ആക്രമ ണം. ഫ്യൂസ് ഊരിയശേഷം കടന്നു പിടിക്കുകയായിരുന്നു. ഇരുട്ടായിരുന്നതിനാൽ പ്രതി ആരെന്നു വീട്ടമ്മയ്ക്കു വ്യക്തമായിരുന്നില്ല. നാക്ക് കടിച്ചുമുറിച്ചതോടെ വേദനകൊണ്ടു പുളഞ്ഞ പ്രതി ഓടി രക്ഷപ്പെട്ടു.ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നറിഞ്ഞു. തുടർന്ന് ആശുപത്രികളിൽ പോലീസ് നിരീക്ഷണവും ഏർപ്പെടുത്തി. നാക്കിനു നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തതിനെത്തുടർന്നു തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്.ഇന്നലെ വൈകുന്നേരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നാക്കിൻ കഷണം ഫോറൻസിക് ലാബിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു.