തളിപ്പറമ്പ്:വീട്ടുപറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും വീട്ടമ്മയ്ക്ക് ഷോക്കേറ്റു. ഇതിനെ കുറിച്ച് പരാതിപ്പെട്ട ഭർത്താവിനെയും മകനെയും വൈദ്യുതി വകുപ്പ് ജീവനക്കാർ മർദിച്ചതായി പരാതി.ചെമ്പന്തൊട്ടി തോപ്പിലായിയിലെ കുഴിഞ്ഞാലിൽ ആന്‍റണി തോമസ് (35), മകൻ അനിക്സ് (13) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ പശുവിനെ കറക്കാൻ പോകുമ്പോഴാണ് എൽസമ്മയ്ക്ക് (32) വീട്ടുവളപ്പിൽവച്ച്ഷോക്കേറ്റത്.ഷോക്കേറ്റ് തെറിച്ചുവീണ എൽസമ്മയുടെ നിലവിളി കേട്ടെത്തിയ ആന്‍റണിയും മക്കളും നാട്ടുകാരെ വിളിച്ചു വരുത്തി വൈദ്യുതി ഓഫീസിൽ വിവരമറിയിച്ച ശേഷം ട്രാൻസ്ഫോർമറിൽ നിന്നും ഫ്യൂസ് ഊരിമാറ്റിയാണ് അപകടം ഒഴിവാക്കിയത്.നടുവിൽ വൈദ്യുതി ഓഫീസിൽ നിന്നും അസിസ്റ്റൻറ് എൻജിനിയറുടെ നേതൃത്വത്തിലെത്തിയ ജീവനക്കാർ പൊട്ടിവീണ കമ്പി താത്കാലികമായി കെട്ടി പ്രശ്നം പരിഹരിക്കാമെന്ന് അറിയിക്കുകയായിരുന്നു. പരിക്കേറ്റ എൽസമ്മയുമായി ആന്‍റണി ആശുപത്രിയിൽ പോയ സമയം പോയപ്പോൾ ലൈൻ കെട്ടാൻ തുടങ്ങിയ വൈദ്യതി ജീവനക്കാരോട് പിതാവ് വന്നതിന് ശേഷം കെട്ടിയാൽ മതിയെന്ന് പറഞ്ഞ അനിക്സിനെ വൈദ്യുതി ജീവനക്കാർ തള്ളിയിടുകയായിരുന്നുവത്രെ. സംഭവമറിഞ്ഞെത്തിയ ആന്‍റണിയെ കെഎസ്ഇബി ജീവനക്കാരായ ആറംഗസംഘം മർദിച്ചതായാണ് പരാതി.