ആറളം:ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയുടെ വീട് തകർന്നു.ഫാം 9 ബ്ലോക്കിലെ വലയംചാലിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് അംഗപരിമിതനായ ആദിവാസി യുവാവ് രാജുവിന് പരിക്കേൽക്കുകയും ചെയ്തു.ഞായറാഴ്ച പുലർച്ചെയാണ് സംഭവം.ടാർപോളിൻ കൊണ്ട് മേൽക്കൂരയുള്ള വീട്ടിൽ രാജു ഒറ്റയ്ക്കാണ് താമസം.പുലർച്ചെ മൂന്നു മണിയോട് കൂടി വീടിന്റെ ഷീറ്റ് വലിക്കുന്ന ഒച്ച കേട്ടാണ് രാജു ഉണർന്നത്.മുറ്റത്ത് രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ട് വീടിന്റെ പിറകുവശത്തേക്ക് ഓടുന്നതിനിടെ വീണാണ് രാജുവിന് പരിക്കേറ്റത്.ഉടൻ തന്നെ രാജു വനം വകുപ്പ് അധികൃതരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.അതേസമയം പരിക്കേറ്റ രാജുവുനെ ആശുപത്രിയിൽ എത്തിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല എന്ന് ആദിവാസികൾ പരാതിപ്പെട്ടു.വനം വകുപ്പിന്റെ ജീപ്പ് രാവിലെ പത്തുമണിയോടെ സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധവുമായി ആദിവാസികൾ രംഗത്തെത്തി.ഇവർ വനം വകുപ്പിന്റെ ജീപ്പ് തടഞ്ഞുവെച്ചു.തുടർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് വനം വകുപ്പിന്റെ വാഹനത്തിൽ രാജുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.