തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതെ പോയ രണ്ടുവയസുകാരി മേരിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.കുട്ടിക്ക് വേണ്ടി സി.സി.ടി.വികളടക്കം പോലീസ് പരിശോധിച്ചു വരികയാണ്. എന്നാൽ, ഇതുവരെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യമായ സൂചനകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല.കുട്ടിയുടെ രക്ഷിതാക്കളോടും അടുത്തപ്രദേശത്തുള്ളവരോടും പോലീസ് നിരന്തരം വിവരങ്ങൾ തേടിവരികയാണ്. എന്നാൽ, ഈ മൊഴികളിലൊന്നും തന്നെ വ്യക്തതയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ നടന്നോ എന്നത് ഉറപ്പിച്ചുപറയാൻ കഴിയില്ലഎന്നാണ് കമ്മീഷണർ നാഗരാജു മാധ്യമങ്ങളോട് പറഞ്ഞത്.അതിനിടെ സ്കൂട്ടറിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവരെ കണ്ടുവെന്ന് സംശയം അറിയിച്ച് യുവാവ് പോലീസിനെ സമീപിച്ചിരിക്കുകയാണ്. രണ്ട് യുവാക്കൾ ചേർന്ന് കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകുന്നത് കണ്ടു എന്നാണ് യുവാവ് പോലീസിനെ അറിയിച്ചത്. രാത്രി 12. 30 ന് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് കുട്ടിയുമായി പോകുന്നത് കണ്ടതെന്നും യുവാവ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിന്റെ മൊഴി ശേഖരിച്ച് വരികയാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോയവരെ കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചക്കലിൽ താമസിക്കുന്ന ഒരു കുടുംബവും പോലീസിനെ സമീപിച്ചിട്ടുണ്ട്.കുട്ടിയെ കാണാതായിട്ട് 12 മണിക്കൂറുകൾ പിന്നിട്ടിട്ടും സംഭവത്തിൽ ഒരു തരത്തിലുള്ള ആശ്വാസ വാർത്തയും ഇതുവരെ ലഭിച്ചിട്ടില്ല.ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ടയിൽ നിന്നാണ് അമർദ്വീപ് -റമീനദേവി ദമ്പതികളുടെ മകൾ മേരിയെ തട്ടിക്കൊണ്ടുപോയത്. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്.