കൊച്ചി:സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നൽകാനാവില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ. ഭീഷണിപ്പെടുത്തി നേടിയ ശമ്പള വർധനവാണിതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അറിയിച്ചു.നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി മാനേജ്മെന്റുകൾ.പുതുക്കിയ മിനിമം വേതനം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടി വരുമെന്നും അല്ലാത്തപക്ഷം ചികിത്സ നിരക്ക് കൂട്ടേണ്ടി വരുമെന്നും മാനേജ്‌മെന്റുകൾ അറിയിച്ചു.വിഷയം ചർച്ച ചെയ്യാൻ മാനേജ്‌മന്റ് പ്രതിനിധികൾ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും.അതേസമയം വർധിപ്പിച്ച ശമ്പളം ഈ മാസം മുതൽ നഴ്സുമാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് യുഎൻഎ ആശുപത്രികൾക്ക് നോട്ടീസ് നൽകി. ആവശ്യം അംഗീകരിക്കാത്ത പക്ഷം സമരം നടത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.