Kerala, News

ഹോം ക്വാറന്റൈന്‍;മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കി

keralanews home quarantine guidelines revised

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കര്‍ശനമായ മേല്‍നോട്ടത്തിലും കേരളത്തില്‍ എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്ന് എക്സ്പേര്‍ട്ട് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും ശിപാര്‍ശ അംഗീകരിക്കുകയും ചെയ്താണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുമാണ്. ആര്‍.റ്റി.പി.സി.ആര്‍. പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരേയും 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയക്കേണ്ടതാണ്. ഇങ്ങനെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിക്കപ്പെടുന്നവര്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ അവരെ ആര്‍.റ്റി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്.ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കേണ്ടതാണ്.എന്നാല്‍ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.

വീടിനുള്ളില്‍ നിരീക്ഷണത്തിലുള്ളവര്‍ താമസിക്കുന്ന മുറി:

  • ശുചിമുറികള്‍ അനുബന്ധമായിട്ടുള്ള മുറികളാണ് രോഗികള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്.
  • ഇവ നല്ലരീതിയില്‍ വായു സഞ്ചാരമുള്ളതും എ.സി. ഇല്ലാത്തതുമായിരിക്കണം.
  • മുറിയിലെ ജനാലകള്‍ വായു സഞ്ചാരത്തിനായി തുറന്നിടേണ്ടതാണ്.

വീടിനെ സംബന്ധിച്ച പൊതുനിബന്ധനകള്‍:

  • രോഗി താമസിക്കുന്ന വീട്ടിലേയ്ക്ക് സന്ദര്‍ശകര്‍ പാടില്ല.
  • രോഗി താമസിക്കുന്ന വീട്ടിലെ അംഗങ്ങള്‍ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ പുറത്ത് പോകാന്‍ പാടുള്ളു.
  • ഇവര്‍ ഹാന്‍ഡ് വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളില്‍ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.

ക്വാറന്റൈനിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

  • ക്വാറന്റൈനിലുള്ള വ്യക്തി മുറിയില്‍ തുടരേണ്ടതും ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തേയ്ക്ക് വരാന്‍ പാടുള്ളതുമല്ല. ആഹാരശേഷം അവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കേണ്ടതും അവരുടെ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കേണ്ടതുമാണ്.
  • ക്വാറന്റൈനിലുള്ള വ്യക്തിയുടെ ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യേണ്ടതാണ്.
  • കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ആരും തന്നെ വ്യക്തി ഉപയോഗിക്കുന്ന മുറിയില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. രോഗിയെ പരിചരിക്കുന്ന ആള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം മുറിയില്‍ പ്രവേശിക്കാവുന്നതാണ്.
  • മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറക്കേണ്ടതാണ് (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമക്കുമ്പോഴും)
  • ഒരു കാരണവശാലും ക്വാറന്റൈനിലുള്ള വ്യക്തി 2 മീറ്ററിനുള്ളില്‍ വച്ച് മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
  • ആരോഗ്യ വകുപ്പധികൃതരുടെ ഫോണ്‍ കോളുകള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ടതാണ്. ഇവരോടുതന്നെ സംശയനിവാരണം നടത്തേണ്ടതുമാണ്.
  • ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.
  • യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ ചികിത്സയ്ക്ക് ആണെങ്കില്‍ പോലും വീടിനു പുറത്ത് പോവാന്‍ പാടുള്ളതല്ല.

ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്:

  • പരിചരിക്കുന്നവര്‍ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോവാന്‍ പാടുള്ളതല്ല.
    ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കുവാന്‍ പാടുള്ളതല്ല.
  • ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന മുറിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാന്‍ പാടുള്ളു.
  • അങ്ങനെ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവര്‍ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസ്സൂം ഉചിതമായ രീതിയില്‍ ധരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസ്സും ഉപേക്ഷിക്കേണ്ടതും ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളതുമല്ല.
  • മുറിയില്‍ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • മുറിക്കുള്ളിലെ കതകിന്റെ പിടികള്‍, ടേബിളുകള്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.
  • രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കേണ്ടതും ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കേണ്ടതാണ്.

മറ്റ് കുടുംബാംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

  • കുടുംബാംഗങ്ങളില്‍ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ക്വാറന്റൈന്‍ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറുന്നതാണ് അഭികാമ്യം.
  • ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന വീട്ടില്‍ കഴിയുന്നവര്‍ കാലാവധി കഴിയുന്നതുവരെ വീടിന് പുറത്തേയ്ക്ക് പോകാന്‍ പാടുള്ളതല്ല.
  • കുടുംബാംഗങ്ങളില്‍ ഒരു വ്യക്തി തന്നെ സ്ഥിരമായി ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കേണ്ടതും മറ്റാരും തന്നെ ഒരു കാരണവശാലും ഈ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടുള്ളതല്ല.
  • പാത്രങ്ങളോ തുണികളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്.
    എല്ലാ കുടുംബാംഗങ്ങളും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്.
  • കുടുംബാംഗങ്ങള്‍ വാതിലിന്റെ പിടികള്‍, സ്വിച്ചുകള്‍ എന്നിങ്ങനെ ക്വാറന്റൈനിലുള്ള വ്യക്തി സ്പര്‍ശിക്കുവാന്‍ സാധ്യതയുള്ള പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
  • ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുമ്പോള്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ ബന്ധപ്പെടേണ്ടതാണ്.
Previous ArticleNext Article